കൊച്ചി: ദലിത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. സംഗീത എന്ന യുവതിയുടെ മരണത്തിലാണ് ഭര്‍ത്താവ് തൃശൂര്‍ സ്വദേശി സുമേഷിനും കുടുംബത്തിനുമെതിരെ ബന്ധുക്കളുടെ പരാതി.
ജൂണ്‍ ഒന്നിനാണ് സംഗീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഗീത ജീവനൊടുക്കിയത് ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനത്തെയും തുടര്‍ന്നാണെന്നാണ് ആരോപണം. പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു കേസ് അട്ടിമറിക്കുന്നുവെന്നും സംഗീതയുടെ വീട്ടുകാര്‍ക്ക് പരാതിയുണ്ട്.
also read: അധ്യാപകന് വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച നിലയില്‍
2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. രണ്ടാഴ്ച പിന്നിടും മുന്‍പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങള്‍ക്കു പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
ഭര്‍തൃവീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും സംഗീതയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. ‘വീട്ടില്‍നിന്ന് ഒന്നും കൊടുത്തിട്ടില്ല അതിനാല്‍ നീ കസേരയില്‍ ഇരുന്നു ടിവി കാണാന്‍ പാടില്ല എന്ന് സംഗീതയോടു പറഞ്ഞിട്ടുണ്ട്. അവള്‍ക്കു ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രത്യേക പ്ലേറ്റും ഗ്ലാസുമൊക്കെ ഉണ്ടായിരുന്നു’- സംഗീതയുടെ ബന്ധു പറഞ്ഞു.
സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പരാതി നല്‍കിയെങ്കിലും പൊലീസ് സംഗീതയെ സുമേഷിനൊപ്പം അയച്ചു. വീട്ടിലെത്തിയ സംഗീത തുങ്ങിമരിച്ചു. വീട്ടിലുണ്ടായിരുന്നു സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു.