പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടികള്‍ പോലീസ് പിടിയില്‍. പത്തനംതിട്ടയിലാണ് സംഭവം. മധ്യപ്രദേശ് ദിന്‍ഡോറി മോഹതാരാ വീട്ടു നമ്പര്‍ 75ല്‍ നങ്കുസിങ് (27), പിന്‍ഡ്രഖി പാഖ്ടല സ്വദേശി സോണിയ ദുര്‍വേ (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാവിലെ 9.30യോടെയാണ് സംഭവം. വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്വദേശിയായ കുട്ടിയെ ആണ് നാടോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. രാവിലെ ആഹാരം നല്കിയ ശേഷം കുട്ടി മുറ്റത്തു കളിക്കുന്നതു കണ്ടിട്ടാണ് അമ്മ അടുക്കളയിലേക്കു പോയത്.
also read: പ്രണയവിവാഹത്തെ എതിര്‍ത്തു, കാമുകന്റെ സഹായത്തോടെ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകള്‍, അറസ്റ്റ്
എന്നാല്‍ ഏതാനും സമയം കഴിഞ്ഞു നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അമ്മയും മുത്തശ്ശിയും അന്വേഷിച്ചപ്പോള്‍ കളിപ്പാട്ട സൈക്കിള്‍ വീടിനു മുന്നിലെ റോഡില്‍ മറിഞ്ഞു കിടക്കുന്നതു കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 100 മീറ്റര്‍ അകലെ ഗോതമ്പ് റോഡിലൂടെ നാടോടികള്‍ക്കു പിന്നിലായി കുട്ടി നടന്നു പോകുന്നതു ശ്രദ്ധയില്‍പെടുകയായിരുന്നു.
നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്പിച്ചു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ നാടോടികള്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാണോയെന്ന് വിശദമായി അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കുട്ടിയുടെ പിതാവ് വിദേശത്താണ്. അറസ്റ്റിലായവര്‍ സമീപത്തെ കൈതത്തോട്ടത്തില്‍ പണിക്കെത്തിയവരാണെന്ന് സംശയമുണ്ട്.