കണ്ണൂര്‍: ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരന് ലോഗേഷ് എന്നിവരാണ് മരിച്ചത്. ദേശീയപാത പരിയാരം അലംകൃത്ത് വെച്ചാണ് അപകടം.
ഇന്ന് രാവിലെ 7.15ന് ആണ് നാടിനെ ഒന്നടങ്കം നടുക്കിയ അപകടമുണ്ടായത്. സ്നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ചിരുന്നു. ഇവിടെ ജോലിക്ക് ചേരാന്‍ പോകവെയാണ് അപകടമുണ്ടായത്.
also read: ‘ബിഎ.2.75’; ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം, നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്നേഹ സംഭവസ്ഥലത്തു തന്നെ മരിച്ചു. മിനിലോറിയുടെ അടിയില്‍പ്പെട്ട സ്നേഹയെ പരിയാരം പൊലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.
ലോഗേഷിനെ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്-ഭാനുമതി ദമ്പതികളുടെ മക്കളാണ്.