പത്തനംതിട്ട: പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. രണ്ട് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. ആനിക്കാട് പഞ്ചായത്തിലെ കുളത്തുങ്കല്കവലയ്ക്കു സമീപം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മരക്കുറ്റിയില്‍ വീണ് സ്ത്രീക്കു പരുക്കേറ്റത്.
ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് സ്കൂട്ടറില്‍ എത്തിക്കുന്നതിന് ശ്രമിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ സാധിച്ചില്ല. തുടര്‍ന്നാണ് പിടന്നപ്ലാവ് ജംക്ഷനിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ എത്തി ഓട്ടോറിക്ഷ വിളച്ചത്.
എന്നാല്‍ ഓട്ടം വരാന്‍ ഡ്രൈവര്‍ തയാറായില്ല. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലാണ് പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. ഇതു സംബന്ധിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജോയിന്റ് ആര്‍ടി ഓഫിസര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
അന്വേഷണം നടത്തിയ ജോയിന്റ് ആര്‍ടിഒ എം.ജി. മനോജ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാത്ര നിഷേധിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ ലൈസന്‍സ് 2 മാസത്തേക്ക് റദ്ദാക്കിയത്.