കണ്ണൂര്‍: പനിയാണെന്ന് ടീച്ചറോട് കള്ളം പറഞ്ഞ് കൂട്ടുകാരനോടൊപ്പം പോയ അഞ്ചാംക്ലാസ്സുകാരിയെ തിയറ്ററില്‍ കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. കണ്ണൂര്‍ നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനിയായ കുട്ടിയെ കാണാതായത് സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ഏറെ പരിഭ്രാന്തരാക്കിയിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ്വണ് വിദ്യാര്‍ത്ഥിക്കൊപ്പമാണ് അഞ്ചാംക്ലാസ്സുകാരി തിയറ്റില്‍ പോയത്. വീട്ടില്‍നിന്ന് സ്കൂള്‍ ബസില്‍ പുറപ്പെട്ട കുട്ടിയെ സ്കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. പനി ആയതിനാല്‍ ചൊവ്വാഴ്ച ക്ലാസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടി ക്ലാസ് ടീച്ചര്‍ക്ക് സന്ദേശം അയച്ചിരുന്നു.
also read: പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും മരണം, ശസ്ത്രക്രിയയ്ക്കിടെ ഭിന്നശേഷിക്കാരി മരിച്ചു, പരാതി
എന്നാല്‍ ചൊവ്വാഴ്ച രാവിലെ സ്കൂളില്‍ പോകാനെന്ന വ്യാജേന പെണ്‍കുട്ടി വീടുവിട്ടിറങ്ങി. വാനില്‍ കയറി സ്കൂളിന് മുന്നില്‍ ഇറങ്ങി. തുടര്‍ന്ന് സ്കൂളിന് മുന്നില്‍ കാത്തുനിന്ന പതിനാറുകാരനൊപ്പം തിയറ്ററിലേക്ക് പോയി. എന്നാല്‍ സഹപാഠി സ്കൂളിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടകാര്യം അധ്യാപികയെ അറിയിച്ചു.
ഇക്കാര്യം വാന്‍ ഡ്രൈവറുമായി സംസാരിച്ചപ്പോള്‍ കുട്ടി രാവിലെ വാനില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ ആശങ്കയിലായ അധ്യാപകര്‍ പെണ്‍കുട്ടിയുടെ വീട്ടിലും പൊലീസിലും വിവരം അറിയിച്ചു.സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് നഗരത്തിലും പരിസരങ്ങളിലും പരിശോധന നടത്തി. ഒടുവില്‍ കുട്ടിയെ നഗരത്തിലെ തിയറ്ററില്‍ തിരുവനന്തപുരത്തുകാരനായ വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തുകയായിരുന്നു.