പാലക്കാട്: പാലക്കാട് പ്രസവത്തിന് പിന്നാലെ കുഞ്ഞും അമ്മയും മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് തങ്കം ആശുപത്രിയില്‍ വെച്ച് മരിച്ചത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന് നിര്‍ദേശം നല്കി.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. യുവജന കമ്മീഷന് അംഗം ടി.മഹേഷാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ചികിത്സാ പിഴവിന് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐശ്വര്യ ഇന്നും നവജാത ശിശു ഇന്നലെയുമാണ് മരിച്ചത്.
also read: പനിബാധിച്ച് യുഎഇയില്‍ ചികിത്സയില്‍, മലയാളി വിദ്യാര്‍ഥിനി മരിച്ചു
ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയുമാണ് കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
25കാരിയായ ഐശ്വര്യയെ ആറ് ദിവസം മുമ്പാണ് തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന് വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്.
ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട്.