കണ്ണൂര്‍: നഴ്സ് ജോബിയുടെ വിയോഗം നാടിന് തീരാനൊമ്പരമായിരിക്കുകയാണ്. കുറ്റിക്കോലില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇരുപത്തിയെട്ടുകാരിയായ ജോബിയ ജോസഫ് മരിച്ചത്. ജോബിയയുടെ ഏക മകന് എയ്ബല്‍ അഗസ്റ്റോയ്ക്ക് ഈ ഞായറാഴ്ച 2 വയസ് പൂര്‍ത്തിയാകാനിരിക്കെയാണ് ജോബിയയുടെ മരണം.
ജോബിയയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഏറ്റുപാറ സെന്റ്.അല്‍ഫോണ്‍സ് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്. കഴിഞ്ഞമാസം 29ന് ഉച്ച കഴിഞ്ഞായിരുന്നു കുറ്റിക്കോല്‍ നെല്ലിയോട് ക്ഷേത്രത്തിനു മുന്നില്‍ വെച്ച് ബസ് അപകടത്തില്‍ പെട്ടത്.
കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്കു വരികയായിരുന്ന ബസ് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. ബസില്‍ നിന്ന് അഗ്നിരക്ഷാസേന എത്തി കമ്പി മുറിച്ചു മാറ്റിയാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്സിങ്ങ് ടീം ലീഡറായ ജോബിയയെ പുറത്തെടുത്തത്.
പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 2.30നാണ് ഏറ്റുപാറയിലെ ഭര്‍തൃവീട്ടില്‍ എത്തിച്ചത്. ജോലി ചെയ്യുന്ന ആസ്റ്റര്‍ മിംസ് ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ നിന്ന് എത്തിയ നഴ്സുമാരും ജീവനക്കാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. 4.30നു മൃതദേഹം പള്ളിയിലേക്കു കൊണ്ടു പോയി. വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു ഏറ്റുപാറയിലെ വീട്ടില്‍ കണ്ടത്.