കണ്ണൂര്‍: പെരുമഴയില്‍ ചാക്കുകെട്ടില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച കുറച്ച് നായക്കുഞ്ഞുങ്ങള്‍ക്ക് രക്ഷകനായെത്തി ഹരീഷ്. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്താണ് താമസിക്കുന്ന കൊയിലോത്ത് ഹരീഷാണ് നായ്ക്കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകിയത്.
ബുധനാഴ്ച രാത്രി പത്തരയ്ക്ക് ഒരു സുഹൃത്താണ് റോഡരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ നായ്ക്കുട്ടികളെ കണ്ടെത്തിയ വിവരം ഹരീഷിനോട് പറഞ്ഞത്. ഒന്നര ആഴ്ച മാത്രം പ്രായമുള്ള എട്ട് ഓമനക്കുഞ്ഞുങ്ങളായിരുന്നു അത്. കേട്ടപ്പോള്‍ ഹരീഷിന് മഴയത്ത് ഇറങ്ങാതിരിക്കാനായില്ല.
ഹരീഷെത്തിയപ്പോള് കണ്ടത് റോഡരികില്‍ അതിലൊന്ന് ചത്ത് കിടക്കുന്ന കാഴ്ചയായിരുന്നു. ഒരെണ്ണം വീണ് മുറിവേറ്റിരുന്നു. അവശരായിരുന്ന ഏഴ് നായക്കുഞ്ഞുങ്ങളുമായി ഹരീഷ് കൊയിലോത്ത് വീട്ടിലെത്തി. തണുത്ത് വിറച്ചുനില്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുത്തു.
റൊട്ടിയും അല്‍പ്പം മുട്ടയും കഴിക്കാന്‍ തുടങ്ങിയതായി ഹരീഷ് പറഞ്ഞു. മുറിവേറ്റ ഒരു കുഞ്ഞിനെ ആസ്പത്രിയില്‍ കാണിക്കാന്‍ കൊണ്ടുപോകണം. നായക്കുഞ്ഞുങ്ങളെ ഏറ്റെടുത്തുവളര്ത്തുന്നവരെ വിളിച്ചപ്പോള്‍ ഷെല്‍ട്ടര്‍ ഇപ്പോഴില്ല എന്ന മറുപടിയാണ് ലഭിച്ചത്.
വാട്ട്സാപ്പ് സ്റ്റാറ്റസ് കണ്ട് രണ്ടു കുഞ്ഞുങ്ങളെ ആളുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളര്‍ത്താന്‍ സ്നേഹമുള്ളവര്‍ക്ക് നല്‍കും. അല്ലാതെ തെരുവില്‍ വിടില്ല -ഹരീഷ് പറഞ്ഞു.