ഇടുക്കി: ഇടുക്കിയില്‍ തക്കാളിപ്പനി പടര്‍ന്നുപിടിക്കുന്നു. ദിവസം രണ്ട് തക്കാളിപ്പനി കേസുകള്‍ വരെ ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് വിവരം. ജില്ലയില്‍ തക്കാളിപ്പനിയെന്ന് സംശയിക്കുന്ന 142 കേസുകളും സ്ഥിരീകരിച്ച 24 കേസുകളും കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തക്കാളിപ്പനി കൂടുതലായി കണ്ടുവരുന്നത് 10 വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ്. സ്കൂളുകള്‍ തുറന്നതോടെ കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികള്‍ക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്.
also read: ഓട്ടോറിക്ഷയുടെ മുകളില്‍ വൈദ്യുതികമ്പി പൊട്ടിവീണു, അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. രോഗം പൂര്‍ണമായി മാറിയതിനുശേഷം മാത്രം പറഞ്ഞയയ്ക്കുക. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്.
തക്കാളിപ്പനി വന്നാല്‍ കുട്ടികളുടെ കൈകാലുകളിലും വായ്ക്കകത്തും ചെറുകുമിളകള്‍ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാല്‍വുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണം.