കടയ്ക്കല്‍: നിയന്ത്രണം വിട്ട ടിപ്പര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു കയറി. കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. കൊല്ലം ജില്ലയിലാണ് സംഭവം. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ലോറിയുടെ വിട്ടത്.
പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ പനച്ചവിള അനില്‍ വിലാസത്തില്‍ അനില്‍ കുമാറിനെ (42) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാര്‍ യാത്രക്കാരായ വളവുപച്ച റാസി മന്‍സിലില്‍ എ.നസീര്‍ (50), ഭാര്യ സീനത്ത് (43) എന്നിവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
also read: ഗായിക മഞ്ജരി വിവാഹിതയാവുന്നു, വരന് ബാല്യകാല സുഹൃത്ത്
കടയ്ക്കല്‍ ജംക്ഷനില്‍ നിലമേല്‍ റോഡില്‍ സ്വകാര്യ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്നു നിയന്ത്രണം വിട്ട ടിപ്പര്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു കയറുകയായിരുന്നു.
കാറില്‍ കുടുങ്ങിയ ദമ്പതികളെയും ടിപ്പറില്‍ കുടുങ്ങിയ ഡ്രൈവറെയും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു പുറത്തെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അപകട സ്ഥലത്ത് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി ഓഫ് ആയതിനാല്‍ വന്‍ അപകടം ഒഴിവായി. ചിതറ ഭാഗത്തുള്ള ക്രഷറില്‍ നിന്നു പാറ ഉല്പന്നവുമായി മീയണ്ണൂരിലേക്ക് പോയതാണ് ടിപ്പര്‍.