കോട്ടയം: ഉറങ്ങിക്കിടക്കവെ ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്താണ് സംഭവം. . പാലാ കുറിച്ചിത്താനം സ്വദേശി ശിവന്‍കുട്ടിയാണ് പൊലീസ് പിടിയിലായത്. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.
ശിവന്‍കുട്ടി തന്നെ മുന്‍പും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയുടെ പരാതിയിലുണ്ട്. കഴിഞ്ഞ പതിനെട്ടിനായിരുന്നു സംഭവം. ശിവന്‍കുട്ടി, ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിക്കുകയും രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വാ പൊത്തിപിടിക്കുകയും ചെയ്തു.
ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്ന പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് ഉറങ്ങികിടന്ന ഭാര്യയുടെ വായില്‍ കീടനാശിനി ഒഴിച്ചത്. വായില്‍ അരുചി അനുഭവപ്പെട്ടത്തോടെ സ്ത്രീ ഞെട്ടി എഴുന്നേല്ക്കുകയും ബഹളം വെക്കുകയും ചെയ്തു.
ഇതോടെ അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന മകന് ഓടിയെത്തി. അമ്മയെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മരങ്ങാട്ടുപള്ളി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയെ പൊന്‍കുന്നത്തെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.