മലപ്പുറം: യുവാവിന്റെ കൈയ്യിലിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ലസാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. മൊബൈൽ ഹാങ് ആയതിനെ തുടർന്ന് സർവീസ് ചെയ്യാനായി പോകുന്നതിനിടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പെട്ടെന്ന് ചൂടാവുകയായിരുന്നു.
ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിർത്തി പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് പുറത്തേയ്ക്ക് എറിഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൊബൈൽ പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു.
മൊബൈൽ പൂർണമായും തകർന്നത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോർട്ട് ആയതാവാം മൊബൈൽ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ നഷ്ടപ്പെട്ടെങ്കിലും തരനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്.