തൃശ്ശൂര്‍: വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ചിറയില്‍വീട്ടില്‍ ഷിനോജ് (35) ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതികളെ വലയില്‍ വീഴ്ത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തശേഷം പീഡിപ്പിക്കുന്നത് ഇയാള്‍ക്ക് പതിവായിരുന്നു.
പത്തുമാസം പ്രായമായ ഒരു കുട്ടിയുടെ അച്ഛനും വിവാഹബന്ധം വേര്‍പെടുത്തിയയാളുമാണ് ഷിനോജ്.പാലക്കാട് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്കി വിളിച്ചുവരുത്തിയതാണ് അറസ്റ്റിലെത്തിച്ചത്. ഗുരുവായൂരില്‍ പോയി വിവാഹം നടത്താമെന്ന് ഉറപ്പുനല്കിയശേഷം യുവതിയെ തൃശ്ശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം സ്ത്രീയെ നിര്‍ത്തി മുങ്ങുകയായിരുന്നു യുവാവ്.
യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതി പിടിയിലായത്. അരുണ്‍ ശശി എന്ന പേരിലാണ് ഷിനോജ് ഫെയ്സ്ബുക്കില്‍ അറിയപ്പെടുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോന് എന്നാണ് പരിചയപ്പെടുത്തുന്നത്. യഥാര്‍ത്ഥപേരും വിലാസവും ആരോടും പറഞ്ഞിരുന്നില്ല.
ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയും ഡൈവോഴ്സ് മാട്രിമോണി ഗ്രൂപ്പുകളില്‍നിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തിയശേഷം ഇവരെ പരിചയപ്പെടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും വിവാഹം കഴിക്കാന്തയ്യാറാണെന്നും പറഞ്ഞാണ് അടുക്കുന്നത്.
വിവാഹത്തീയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും വിശ്വസിപ്പിക്കും. ഇതിനുശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നതാണ് പതിവ്.