തിരുവനന്തപുരം: കാറിന്റെ ബമ്പറില്‍ കടിച്ചതിന് ഇരുമ്പ് വടികൊണ്ട് തെരുവ് നായുടെ കണ്ണ് അടിച്ചുപൊട്ടിച്ച കെഎസ്ഇബി ഡ്രൈവര്‍ അറസ്റ്റില്‍. പട്ടം വൈദ്യുതി ഭവനില്‍ കെ.എസ്.ഇ.ബി ഡ്രൈവറായ മുരളിയാണ് തെരുവ് നായയുടെ കണ്ണ് അടിച്ചുപൊട്ടിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ് നല്കിയ പരാതിയില്‍ മുരളിയെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിങ് ഏരിയയിലുള്ള കാറുകളുടെ ബമ്പറില്‍ കടിച്ചതിനെ തുടര്‍ന്നാണ് മുരളി നായയെ ക്രൂരമായി ഉപദ്രവിച്ചത്.
നായയെ ഉപദ്രവിക്കുന്നത് കണ്ട് ചുറ്റിലുമുള്ളവര്‍ നിര്‍ത്താന്‍ പറഞ്ഞുവെങ്കിലും മുരളി ഉപദ്രവം തുടരുകയായിരുന്നു. ഇയാള്‍ നായയെ അടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പീപ്പിള്‍ ഫോര്‍ അനിമല്‍സ് ഭാരവാഹികള്‍ എത്തിയപ്പോള്‍ തല പൊട്ടി അവശനായ നിലയിലായിരുന്നു നായ.
ഉടനെ ആശുപത്രിയിലെത്തിച്ച നായയുടെ തലച്ചോറിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് ഇടത് കണ്ണ് ശസ്ത്രക്രിയ ചെയ്ത് മാറ്റി. അടിയന്തിര ചികിത്സക്ക് ശേഷം നായയെ പീപ്പിള്‍ ഫോര്‍ അനിമല്‍സിന്റെ ഷെല്‍റ്ററിലേക്ക് മാറ്റി. സംഭവത്തെത്തുടര്‍ന്ന് മുരളിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി കെഎസ്ഇബി അറിയിച്ചു.