തിരുവനന്തപുരം: മദ്യപിച്ചെത്തി അറുപത്തിയഞ്ചുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച തെങ്ങുകയറ്റത്തൊഴിലാളി അറസ്റ്റില്‍. കൊയ്ത്തൂര്‍ക്കോണം മുസ്ലിം പള്ളിക്കു സമീപം സലീന പ്രൊവിഷന്‍ സ്റ്റോറിനു മുന്നില്‍ വെച്ചാണ് സംഭവം. കൊയ്ത്തൂര്‍ക്കോണം പണയില്‍ വീട്ടില്‍ ഇബ്രാഹിമിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്.
സംഭവത്തില്‍ കരിക്കകം പുതുവല്‍പുത്തന്‍വീട് സരിതാഭവനില്‍ നിന്നും കൊയ്ത്തൂര്‍ക്കോണം മോഹനപുരത്ത് ദാറുല്‍ഹുജയില്‍ വാടകയ്ക്കു താമസിക്കുന്ന തെങ്ങുകയറ്റത്തൊഴിലാളി ബൈജുവാണ് അറസ്റ്റിലായത്. മദ്യപിച്ച ശേഷം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ ബൈജുവും കടയ്ക്കു മുന്നിലായിരുന്ന ഇബ്രാഹിമുമായി നേരിയ വാക്കു തര്‍ക്കം ഉണ്ടായിരുന്നു.
ഇതിനുശേഷം മോഹനപുരത്തെ വീട്ടിലെത്തി വെട്ടുകത്തിയുമായി മടങ്ങി വന്ന്് ബൈജു ഇബ്രാഹിമിനെ വെട്ടുകയായിരുന്നു. തലയുടെ വലതു ഭാഗത്തോടു ചേര്‍ന്ന് ചെവിയുള്‍പ്പെടെ മുറിഞ്ഞു തൂങ്ങി.ഇടതു കൈപ്പത്തിയിലും ആഴത്തിലുള്ള മുറിവാണ്. ഞരമ്പുകള്‍ പുറത്തേക്കു വന്ന നിലയിലുമാണ്.
ഗുരുതര മുറിവുമായി റോഡരികില്‍ നിന്നും ഇബ്രാഹിം നിലവിളിക്കുമ്പോഴും ബൈജു വീണ്ടും വെട്ടാനൊരുങ്ങി. ബൈജുവിനെ ഒടുവില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മംഗലപുരം പൊലീസ് അറസ്റ്റു ചെയ്ത ബൈജുവിനെതിരെ വധശ്രമത്തിനു കേസെടുത്തു.