ഇരവിപുരം: ശാരീരിക അവശതകളെ വിലവയ്ക്കാതെ കഷ്ടപ്പെട്ട് പഠിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി നാടിനൊന്നടഹ്കം അഭിമാനമായി ഇബ്രാഹിം ബാദുഷ. ഇരവിപുരം റയില്‍വേ സ്റ്റേഷനു സമീപം ഉദയതാരാ നഗര്‍ 98 ബാദുഷ മന്‍സിലില്‍ ഷെരീഫ് കുട്ടി- ഷക്കീല ദമ്പതികളുടെ മകനാണ് ഇബ്രാഹിം ബാദുഷ.
ശാരീരിക അവശതകളെത്തുടര്‍ന്ന് ബാദുഷയ്ക്ക് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. കേള്‍വിപരിമിതിയെയും രോഗ പ്രതിരോധശേഷിക്കുറവിനെയും നേരിട്ട് വീട്ടിലിരുന്ന് കഷ്ടപ്പെട്ട് പഠിച്ച് പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിരിക്കുകയാണ് ബാദുഷ.
തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ഇബ്രാഹിം ബാദുഷ മാതാവിനു നല്കുന്നു. പത്താം ക്ലാസില്‍ സ്കൂള്‍ അധികൃതരുടെ സഹായത്തോടെ ഓണ്‍ലൈനായിട്ടായിരുന്നു പഠനം. ഓണ്‍ലൈന്‍ ക്ലാസില്‍ മകനൊപ്പം പങ്കെടുത്ത ഷക്കീല പിന്നീടു പാഠഭാഗങ്ങള്‍ അവനെ പഠിപ്പിക്കുമായിരുന്നു.
ഇരവിപുരം സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിയാണ് ബാദുഷ. ബിആര്‍സിയിലെ റിസോഴ്സ് അധ്യാപികയായ ചന്ദ്രലേഖയും സ്കൂള്‍ അധികൃതരും ഉദയതാര റസിഡന്റ്സ് അസോസിയേഷനും പ്രോത്സാഹനമേകി. തന്റെ കഠിനാധ്വാനത്തിന് ഫലം കണ്ട സന്തോഷത്തിലാണ് ബാദുഷ ഇപ്പോള്‍. തുടര്‍ന്നും നന്നായി പഠിക്കുമെന്ന് ബാദുഷ പറയുന്നു.