മൂവാറ്റുപുഴ: വീട്ടുകാര്‍ ഉപേക്ഷിച്ച് പോയതോടെ ഉറ്റചങ്ങാതിയെ തേടി ക്ലാസ്മുറികളില്‍ കയറിയിറങ്ങുന്ന നായ നൊമ്പരക്കാഴ്ചയാവുകയാണ്. കിഴക്കമ്പലം ബത്ലേഹം ദയറ ഹൈസ്കൂളിലാണു നായ് പതിവായെത്തുന്നത്. വീട്ടിലെ കുട്ടിയുമായി അടുത്ത ചങ്ങാത്തത്തിലായ നായയ്ക്ക് അവനെ നഷ്ടപ്പെട്ടത് സഹിക്കാവുന്നതിലുമപ്പുറമാണെന്ന് ഈ സംഭവം തെളിയിക്കുകയാണ്.
ഇതോടെയാണ് അവന് പഠിച്ചിരുന്ന സ്കൂളിലെ ക്ലാസ് മുറികളില്‍ നായ കയറിയിറങ്ങുന്നത്. വീട്ടുകാര്‍ നായയെ ഉപേക്ഷിച്ചു മറ്റൊരിടത്തേക്കു താമസം മാറിയത് അവനിതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. സ്കൂള്‍ തുറക്കുന്ന സമയമാകുമ്പോള്‍ പതിവായി അവന് എത്തും.
ക്ലാസ് മുറികളില്‍ കുട്ടികളുടെ അടുത്തു ചെന്നു മുഖത്തേക്കു സൂക്ഷിച്ചു നോക്കി ചങ്ങാതിയെ തിരയും. സ്കൂളിലേക്കു കുട്ടി പോകുമ്പോള്‍ പിന്തുടര്ന്നിരുന്ന നായയ്ക്ക് സ്കൂള്‍ ഏതെന്നു കൃത്യമായി അറിയാമായിരുന്നു. ഇതാണു കുട്ടിയെ തേടി നായ സ്കൂളില്‍ എത്താന്‍ കാരണമെന്നാണു നായയെ പരിചയമുള്ള സ്കൂളിലെ കുട്ടികളും അധ്യാപകരും പറയുന്നത്.
അതേസമയം, സ്കൂള്‍ അധികൃതര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നായയുടെ സാമീപ്യം പ്രശ്നമായതോടെ നായയെ ഇപ്പോള്‍ കെട്ടിയിട്ടിരിക്കുകയാണ്. മൃഗസ്നേഹികളുടെ സംഘടനയായ മൂവാറ്റുപുഴ ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് നായയുടെ ഉടമയെ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.