കോഴിക്കോട്: കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ദാരുണ സംഭവം. തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
ദമ്പതിമാരെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മക്കളില്ലാത്ത ഇരുവരും അനുജന്റെ കൂടെയായിരുന്നു താമസം. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലനെ വരാന്തയിലെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.
ഭാര്യയ്ക്ക് രോഗം മൂര്‍ച്ഛിച്ചതും കോവിഡ് കാരണം നേരത്തെ നടത്തിയിരുന്ന ഹോട്ടല്‍ അടച്ചുപൂട്ടേണ്ടിവന്നതുമാകാം കൊലപതാകത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ വടകരയ്ക്ക് സമീപം ഹോട്ടല്‍ നടത്തുകയായിരുന്നു ഗോപാലന്.
എന്നാല്‍ കോവിഡ് കാരണം ഹോട്ടല്‍ അടച്ചുപൂട്ടി. പുതിയ സ്ഥലത്ത് വീണ്ടും ഹോട്ടല്‍ തുടങ്ങാനിരിക്കെയാണ് കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. ഇതേത്തുടര്‍ന്ന് ഗോപാലന് ഏറെ മാനസികപ്രയാസത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.