ആലപ്പുഴ; വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പൊന്നുമോന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മിനി. പതിനേഴു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുല്‍ ഇന്നും കുടുംബത്തിനും നാടിനും വേദനയാണ്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തില്‍ കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
കഴിഞ്ഞ ദിവസം പ്രതീക്ഷ നല്‍കിക്കൊണ്ട് രാഹുലിന്റെ അമ്മ മിനിയെ തേടി ഒരു കത്ത് വന്നിരുന്നു. രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ മുംബൈയില്‍ കണ്ടെന്നും ഇപ്പോള്‍ നെടുമ്പാശ്ശേരി ഭാഗത്തുണ്ട് എന്നുമായിരുന്നു കത്ത്. കുടുംബത്തേയും നാട്ടുകാരേയും പൊലീസിനേയും മണിക്കൂറുകള്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം അവസാനിച്ചത് നിരാശയിലാണ്.
രാഹുലിനോടു രൂപസാദൃശ്യമുള്ളയാളെ പോലീസ് കണ്ടെത്തി ആലപ്പുഴയിലെത്തിച്ചെങ്കിലും അത് തന്റെ കുട്ടിയല്ലെന്ന് അമ്മ ഉറപ്പിക്കുകയായിരുന്നു. വിനയ് എന്നു പേരുള്ള 24കാരനെയാണ് വ്യാഴാഴ്ച രാത്രി 9.15-ന് അമ്മ മിനിയുടെ മുന്നിലെത്തിച്ചത്.
ആദ്യം തന്നെ മകന്റെ മറുകാണ് അമ്മ നോക്കിയത്. തുടര്‍ന്ന് രാഹുല്‍ അല്ലെന്ന് പറയുകയായിരുന്നു. ബന്ധുക്കളുടെയും അയല്‍വാസികളും രാഹുലിനെ തിരിച്ചറിയാന്‍ എത്തിയിരുന്നു. രാഹുലിന്റെ ചെവിയുമായി സാമ്യമുണ്ടെന്നു മാത്രമാണു പറഞ്ഞത്. രാഹുലല്ലെന്നു മിനി ഉറപ്പിച്ചതോടെ പോലീസ് 24 വയസ്സുകാരനെ ആലപ്പുഴയിലുള്ള കുടുംബസുഹൃത്തിനൊപ്പം പറഞ്ഞുവിട്ടു.
2005 മേയ് 18-നു വൈകീട്ട് നാലുമണിയോടെ വീടിനു സമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നതിനിടെയാണ് ഏഴുവയസ്സുകാരന് രാഹുലിനെ പെട്ടെന്നു കാണാതായത്. അടുത്തിടെ രാഹുലിന്റെ അച്ഛന് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. രാഹുല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കുടുംബവും നാടും.