പാലക്കാട്: ജോലിക്കിടെ സൈരന്ധ്രി വനത്തില്‍ കാണാതായ വാച്ചര്‍ പുളിക്കാഞ്ചേരി രാജന് തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് കുടുംബം. രാജന്റെ ഇളയ മകള്‍ രേഖ രാജിന്റെ വിവാഹത്തിന് ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെയാണ് രാജനെ കാണാതായത്.
കല്യാണക്കുറി അച്ചടിക്കാന്‍ കൊടുത്തിട്ട് വീട്ടില്‍നിന്നു പോയതാണ് രാജന്. എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. അച്ഛന് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലുമറിയില്ലെന്ന് രേഖ പറയുന്നു. മേയ് മൂന്നിന് രാത്രി എട്ടരയോടെ സൈലന്റ്വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസില്‍ നിന്നു ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാന്‍ പോയതാണ് രാജന്.
also read: ‘കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി’; വിദേശത്തേക്ക് കടന്ന വിജയ് ബാബു തിരിച്ചെത്തി
പിന്നെ ആരും കണ്ടില്ല. അച്ഛന് കടമോ മറ്റു ബാധ്യതകളോ ഇല്ലെന്നും നാടു വിടേണ്ട ആവശ്യമില്ലെന്നും രേഖ പറയുന്നു. എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവു കിട്ടണ്ടേ എന്നാണ് രേഖ ചോദിക്കുന്നത്. പൊലീസിന്റെ തണ്ടര്‍ബോള്‍ട്ടും വനം വകുപ്പിന്റെ ദ്രുതകര്‍മസേനയും വാച്ചര്‍മാരുമെല്ലാം തിരച്ചില്‍ നടത്തിയിട്ടും രാജനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
ഒരു ജോഡി ചെരുപ്പും ലൈറ്ററും മുണ്ടും മാത്രമാണു കണ്ടെത്താനായത്. മകനെ കാണാതായ വിവരം രാജന്റെ അമ്മ ലക്ഷ്മി പൊന്നു അറിഞ്ഞിട്ടില്ല. ജൂണ്‍ 11നാണ് രേഖയുടെ വിവാഹം. ”ബന്ധുക്കളെപ്പോലും ക്ഷണിച്ചിട്ടില്ല. 20നു വരുമെന്നു പറഞ്ഞു പോയതാ. മകളുടെ വിവാഹമായിട്ടു പോലും അവന് അവധിയില്ലേ?”, ആ നൊന്തുപെറ്റമ്മ ചോദിക്കുന്നു.