പത്തനംതിട്ട: തൃശ്ശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് 47കാരന് മരിച്ച സംഭവം നാടിനെ ആശങ്കയിലാക്കുകയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് ആശങ്കയല്ല പ്രതിരോധമാണ് വേണ്ടതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് കൊതുക്ജന്യ രോഗമാണെന്നും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മരണം സംഭവിച്ച രോഗിക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ വൈകിയാണ്. കൂടുതല്‍ പേരിലേക്ക് വെസ്റ്റ് നൈല്‍ രോഗം പടരും എന്ന ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗം ബാധിച്ച് മരിച്ച രോഗിക്ക് മെനഞ്ചൈറ്റിസും എന്കഫലൈറ്റസും അവസാന ഘട്ടത്തിലുണ്ടായിരുന്നു. അങ്ങനെയാണ് ഡോക്ടറുമാര് പരിശോധന നടത്തുകയും വെസ്റ്റ് നൈല്‍ രോഗം കണ്ടെത്തുകയും ചെയ്യുന്നതെന്നു ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ കുറേയേറെ വര്‍ഷങ്ങളായി വെസ്റ്റ് നൈല്‍ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) നടത്തിയ പഠനത്തിലും കേരളത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ വാക്കുകള്‍
എണ്‍പത് ശതമാനം ആളുകളിലും രോഗലക്ഷണങ്ങളുണ്ടാവില്ല. ഇരുപത് ശതമാനം ആളുകളില്‍ ലക്ഷണങ്ങളുണ്ടാവും, രോഗലക്ഷണങ്ങള്‍ തീവ്രമാവുകയും ചെയ്യും. ഈ രോഗിക്ക് മെനഞ്ചൈറ്റിസും എന്കഫലൈറ്റസും അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഡോക്ടേഴ്സ് ഇതിനു വേണ്ടിയുള്ള പരിശോധന നടത്തുകയും ഇത് കണ്ടെത്തുകയും ചെയ്യുന്നത്.
കേരളത്തില്‍ കുറേ ഏറെ വര്‍ഷങ്ങളായി വെസ്റ്റ് നൈല്‍ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഒന്ന് – രണ്ട്, രണ്ട് – മൂന്ന് കേസൊക്കെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. നേരത്തെ എന്‍ഐവി നടത്തിയ പഠനത്തിലും കേരളത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകാമെന്നുള്ളതാണ് കണ്ടെത്തിയിട്ടുള്ളത്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധം കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക എന്നുള്ളതാണ്. നമ്മള് ഈ മഴക്കാലവുമായി ബന്ധപ്പെട്ട് മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അപ്പോള്‍ കൊതുക്ജന്യ രോഗങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി, അതുപോലെ തന്നെ ജന്തുജന്യ രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവ ഒഴിവാക്കുന്നതിനു വേണ്ടി അതിശക്തമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് ആവശ്യമാണ്.
അതുകൊണ്ട്, ആശങ്കയല്ല, ഭയമല്ല, പ്രതിരോധമാണ് വേണ്ടത്. വെക്ടര്‍ കണ്ട്രോളര് ആക്റ്റിവിറ്റീസ്, കൊതുകിനെ തുരത്തുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയിട്ടുള്ള ശക്തമായ നടപടികളാണ് വേണ്ടത്. കേരളം ഈ ഘട്ടത്തില്‍ ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലും ആരോ?ഗ്യ വകുപ്പ് സംസ്ഥാന തലത്തില്‍ പല യോഗങ്ങളും ചേര്‍ന്നു.
അതുകഴിഞ്ഞ് മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ഈ സന്ദേശം കൈമാറിയിരുന്നു. നമുക്ക് കൃത്യമായി കൊതുകുകള്‍ പെരുകാതെ ഇരിക്കുന്നതിനുള്ള നടപടികള്‍ വീടുകള്‍ക്കുള്ളില്‍, സ്ഥാപനങ്ങള്‍ക്കുള്ളില്‍, പൊതു ഇടങ്ങളിലെല്ലാം എല്ലാവരും സ്വീകരിക്കേണ്ടതാണ്. അതാണ് ഏറ്റവും വലിയ പ്രതിരോധം. ഈ സ്ഥലത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം തന്നെ ഈ വെസ്റ്റ് നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ച സമയത്ത് തന്നെ പരിശോധിക്കുകയും റിപ്പോര്‍ട്ടുള്‍പ്പടെ ലഭ്യമാക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്ഥാപനം പഞ്ചായത്ത് വ്യാപകമായി ഇന്നലെയും ഇന്നുമായി അവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.