കൊല്ലം: ഒമ്പതുവയസ്സുകാരന് പേവിഷബാധയേറ്റ് മരിച്ചു.കൊല്ലം ജില്ലയിലാണ് സംഭവം. പോരുവഴി നടുവിലേമുറി ജിതിന് ഭവനത്തില്‍ ജിഷ-സുഹൈല്‍ ദമ്പതിമാരുടെ മകന് ഫൈസലാണ് ചികിത്സയില്‍ കഴിയവെ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
വളര്‍ത്തു നായയുടെ നഖംകൊണ്ട് ഒരുമാസം മുന്‍പ് കുട്ടിയുടെ കൈത്തണ്ടയില്‍ പോറലേറ്റിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് കാര്യമാക്കിയില്ല. കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ഇതിനിടയില്‍ മുത്തച്ഛനെ ഈ പട്ടി കടിക്കുകയും ചെയ്തു.
അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തു. എന്നാല്‍ ഫൈസലിന്റേത് ചെറിയ പോറല്‍മാത്രമായതിനാല്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. വേനലവധിയായതിനാല്‍ രണ്ടുമാസത്തോളം അച്ഛന് സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസല്‍.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ വീട്ടില്‍ തിരിച്ചെത്തിയ ഫൈസല്‍ പനിയും അസ്വസ്ഥതയും പ്രകടമാക്കി. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. അവിടത്തെ ശിശുരോഗവിദഗ്ധന് സംശയംതോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്.
തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടയ്ക്കാട് സെന്റ് തോമസ് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് ഫൈസല്‍.