കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയും ഭാര്യയും യാത്ര ചെയ്യവെ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍പ്പനയ്ക്ക്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ (ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍) 109 എസ് പി ഹെലികോപ്റ്ററാണിത്. നാലുവര്‍ഷം പഴക്കമുള്ള ഇതിന് 50 കോടിയോളം രൂപ വിലവരും.
ആഗോള ടെന്‍ഡറിലൂടെയാണ് വില്‍പ്പന. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11നായിരുന്നു യൂസഫലിയും ഭാര്യയും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ലേക്ഷോര് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് യൂസഫലിക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
also read: 52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന് ബിജു മേനോനും ജോജു ജോര്‍ജും, നടി രേവതി
നാലു മാസം വിശ്രമത്തിലായിരുന്നു. അപകടത്തെതുടര്‍ന്ന് കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറില്‍ സൂക്ഷിച്ചിരിക്കുന്ന ഹെലികോപ്റ്ററിന്റെ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വില്പന നടത്തുന്നത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് വില്‍പ്പന ഏകോപിപ്പിക്കുന്നത്.
പൈലറ്റുമാരുള്‍പ്പെടെ ആറുപേര്‍ക്ക് സഞ്ചരിക്കാനാകുന്ന ഈ ഹെലികോപ്റ്റര്‍ ഇപ്പോഴും പറക്കാവുന്ന അവസ്ഥയിലല്ല. അതേസമയം അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. അല്ലെങ്കിലിതിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ച് വില്‍ക്കാനാകും.