ഒറ്റപ്പാലം: അടുത്തിടെ വാങ്ങിയ പുതിയ ബൈക്ക് കൂട്ടുകാരെ കാണിച്ച് മടങ്ങുംവഴിയുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകന് ഷാജഹാനാണ് (19) മരിച്ചത്. ബുധനാഴ്ച രാത്രി 9.45-നാണ് സംഭവം.
ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട്-കുളപ്പുള്ളി പാതയില്‍ ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് ഷാജഹാന് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്. പാലക്കാടുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.
also read: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴ, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത
ഇതിനൊപ്പം പിന്നില്‍ വന്ന മറ്റൊരു ബൈക്കും അപകടത്തില്‍പ്പെട്ടുവെങ്കിലും ആ ബൈക്കിലെ യാത്രികന് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം പച്ചക്കറിക്കച്ചവടം നടത്തിവരികയാണ് ഷാജഹാന്.