കോട്ടയം: ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് ആരോപിച്ച് ചായ കുടിക്കാനെത്തിയ സംഘം ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. കോട്ടയം ജില്ലയിലെ വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെ ബേക്കറിയിലാണ് സംഭവം.
ഇന്നലെ വൈകിട്ടാണ് അക്രമം നടന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ ബേക്കറി ഉടമയും ഭാര്യയും രണ്ട് മക്കളും ആശുപത്രിയില്‍ ചികിത്സ തേടി. ശിവകുമാറിന്റെ ബേക്കറിയില്‍ ചായ കുടിക്കാനെത്തിയതായിരുന്നു ആറംഗ സംഘം. ചായക്കൊപ്പം ക്രീം ബണ്ണും ഓര്‍ഡര്‍ ചെയ്തു.
also read: ഒരാഴ്ച മുമ്പ് കാമുകനൊപ്പം വീടുവിട്ടിറങ്ങി, മയക്കുമരുന്നുമായി വിദ്യാര്‍ത്ഥിനിയും കാമുകനും പിടിയില്‍
സംഘത്തിലൊരാള്‍ ബണ്ണില്‍ ക്രീം ഇല്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു. ഇതോടെയായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. വാക്കുതര്‍ക്കം പിന്നെ കയ്യാങ്കളിയിലേക്ക് നീങ്ങി. ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോള്‍ ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധി വിനായകനും മര്‍ദനമേറ്റതായി പരാതിയില്‍ പറയുന്നു.
കടയില്‍ എത്തിയ 95 വയസുകാരന് വേലായുധനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. കടയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. അതേസമയം, കടയുടമയും മകനും ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയുമായി ആരോപണ വിധേയരായ പാലാംകടവ് സ്വദേശികളും പൊലീസില്‍ പരാതി നല്കി. ഇവരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.