മാന്നാര്‍: ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ് അച്ഛ മരിച്ചു. എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം അരിയന്നൂര്‍ കോളനിയിലാണ് സംഭവം. ബുധനൂര്‍ ഏഴാം വാര്‍ഡില്‍ ശ്യാമളാലയത്തില്‍ തങ്കരാജ് (65)ആണ് മരിച്ചത്. സംഭവത്തില്‍ മകന് സജീവി (36)നെ പോലീസ് അറസ്റ്റുചെയ്തു.
സൈക്കിള്‍ റിപ്പയറിങ് തൊഴിലാളിയാണ് തങ്കരാജ്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സജീവും അച്ഛനുമായി വഴക്കുണ്ടായി. ഇതിനിടെ, കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ചു തങ്കരാജിന്റെ നെഞ്ചില്‍ സജീവ് കുത്തുകയും തള്ളിയിടുകയും ചെയ്തു.
ഇരുവരും വൈകീട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാല്‍ സംഭവം അയല്‍വാസികള്‍ ശ്രദ്ധിച്ചിരുന്നില്ല. ഒന്‍പതരയോടെ അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തങ്കരാജ് കുത്തേറ്റു കിടക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ സുരേഷ് വിവരമറിയിച്ചതനുസരിച്ചു മാന്നാര്‍ പോലീസ് സ്ഥലത്തെത്തി.
തങ്കരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൃദയത്തിനേറ്റ കുത്താണു മരണകാരണമെന്ന് പോലീസ് പറഞ്ഞു. സജീവ് വീട്ടില്‍ത്തന്നെ മൊബൈല്‍ റിപ്പയറിങ് ജോലി ചെയ്തുവരുകയാണ്.