തലശ്ശേരി: പാര്‍ക്കിലെത്തിയ കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂരില്‍ തലശ്ശേരിയിലാണ് സംഭവം. പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്പാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
കമിതാക്കള്‍ നല്കിയ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. ഇവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചെന്നും തലശ്ശേരി പൊലീസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് മൂവരും അറസ്റ്റിലായത്. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ മുതല്‍ ചിലര്‍ പാര്ക്കിലെത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ അപ്ലോഡ് ചെയ്തവരെ കുറിച്ചുള്ള വിവരം പൊലീസ് ശേഖരിച്ചു. തുടര്‍ന്നാണ് അറസ്റ്റ്.