ചിറയിന്‍കീഴ്: കിണര്‍ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. കൊന്നക്കൂട്ടം വീട്ടില്‍ സലാഹുദ്ദീന്റെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പുരുഷന്റേതെന്നാണ് കരുതുന്നത്. ഫോറന്‍സിക് സയന്റിസ്റ്റ് കാളിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരത്തോടെ സ്ഥലത്തെത്തി കിണറും പരിസരവും പരിശോധിച്ചു.
രണ്ടു ദിവസം മുന്‍പാണ് ഒരു ഏക്കറോളമുള്ള പറമ്പില്‍ തെങ്ങിന് തൈകള്‍ നടാന്‍ ആരംഭിച്ചു. ഇതിനിടെ കിണര്‍ നശിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പുത്തന്‍നട സ്വദേശി കുട്ടപ്പനെ കിണര്‍ വൃത്തിയാക്കാന്‍ സ്ഥലമുടമ ചുമതലപ്പെടുത്തുകയായിരുന്നു.
വൃത്തിയാക്കുന്നതിനിടെ കിണറില്‍നിന്നും അസ്ഥികൂടം മുഴുവനും പുറത്തു വന്നിട്ടും ജോലിക്കാര്‍ തിരിച്ചറിഞ്ഞില്ല. കിണര്‍ വൃത്തിയാക്കി വല കൊണ്ടു മൂടുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് അസ്ഥികൂടത്തിന്റെ വലിയ ഭാഗങ്ങള്‍ കിണറിനു സമീപം കുഴിച്ചിട്ട നിലയിലും കണ്ടെത്തി.
തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അസ്ഥികൂടത്തിനു പുറമേ ഇവിടെനിന്ന് ഷര്‍ട്ടും മുണ്ടും കണ്ടെത്തി. ഷര്‍ട്ടിന്റെ പോക്കറ്റില്നിന്നും തിരിച്ചറിയല്‍ രേഖയും കണ്ടെത്തിയിട്ടുണ്ട്.