പാലക്കാട്: ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് നടുക്കുന്ന സംഭവം. ഒറ്റപ്പാലം പേരൂര്‍ സ്വദേശി വിനോദാണ് മരിച്ചത്. ഒറ്റപ്പാലം വരിക്കാശ്ശേരി മനയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കൊടുങ്ങല്ലൂര്‍ മൂത്തകുന്നം പത്മനാഭന് എന്ന ആനയുടെ കുത്തേറ്റാണ് പാപ്പാന് മരിച്ചത്.
രാവിലെ ആനയ്ക്ക് മരുന്ന് നല്കാന് ശ്രമിയ്ക്കുന്നതിനിടെ പാപ്പാനെ കൊമ്പു കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ ആനയെ മനിശ്ശേരി സ്വദേശി ഹരിയാണ് പരിപാലിച്ചു വന്നിരുന്നത്. കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി ആനയെ ചികിത്സിച്ചു വരികയായിരുന്നു.