കല്‍പ്പറ്റ: കഴുത്തില്‍ തോര്‍ത്തുമുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ. കെല്ലൂര്‍ കാരക്കാമല കാഞ്ഞായി മജീദിനെയാണ് (52) ഭാര്യ സുഹ്റയെ (40) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജ്കുമാര ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം 2016 സെപ്റ്റംബര്‍ എട്ടിനായിരുന്നു. പുലര്‍ച്ചെ വീട്ടില്‍ നിന്നും കുട്ടികളുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്തു മുറുകി അനക്കമറ്റ നിലയില്‍ കിടക്കുകയായിരുന്നു സുഹ്റ. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊലപാതകമാണെന്ന സംശയത്തില്‍ ഭര്‍ത്താവ് മജീദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വഴക്കിനിടെ സുഹ്റ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മജീദ് പൊലീസിന് ആദ്യം നല്കിയ മൊഴി. വിശദമായി ചോദ്യം ചെയ്തതോടെയാണ് സുഹ്റ കഴുത്തില്‍ ചുറ്റിയ തോര്‍ത്തിന്റെ അഗ്രഭാഗങ്ങളില്‍ പിടിച്ചുവലിച്ചതായി മജീദ് സമ്മതിച്ചത്.
മാനസികരോഗിയാണെന്ന് വരുത്തിതീര്‍ത്തശേഷം ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിയുടെ ആദ്യശ്രമം. ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഇയാള്‍ പല തവണ മന്ത്രവാദിയെ സമീപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു വിവാഹം ചെയ്ത് താമസം മാറിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.