ചാവക്കാട്: തൃശ്ശൂരില്‍ ബസ് ബൈക്കിലിടിച്ച് യുവദമ്പതിമാര്‍ മരിച്ചു. ദേശീയപാതയില്‍ ചേറ്റുവ സ്കൂളിന് സമീപത്തായാണ് അപകടം. ബൈക്കില്‍ യാത്രചെയ്തിരുന്ന ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകന് മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവെബ (22) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. സഹോദരിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാട്ടേക്ക് ബൈക്കില്‍ മടങ്ങിവരുകയായിരുന്നു ഇരുവരും. കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന അലീനാസ് ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.
also read: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തര പീഡനം, മദ്രസാധ്യാപകന് അറസ്റ്റില്‍
ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു. എതിരേനിന്ന് വരുകയായിരുന്ന മറ്റൊരു വാഹനം ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് ഇടത്തുകൂടെ പോയിരുന്ന ബസിനടിയിലേക്കു മറിയുകയും ഇരുവരുടെയും ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയുമായിരുന്നു.
ഏങ്ങണ്ടിയൂര്‍ സനാതന പ്രവര്‍ത്തകര്‍ ഉടനെ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി ഷഫാനയുടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് മുനൈഫ് വെള്ളിയാഴ്ച ദുബായില്‍നിന്ന് നാട്ടിലെത്തിയത്.
മുംബൈ സ്വദേശിയായ ഭാര്യ സുവെബ ഒരാഴ്ച മുമ്പാണ് വിവാഹത്തിന് മുംബൈയില്‍നിന്ന് നാട്ടിലെത്തിയത്. ഇരുവരുടെയും മരണവാര്‍ത്തയറിഞ്ഞതോടെ കല്യാണവീട് കണ്ണീര്‍ക്കടലായി. അജ്മലും ഷഫാനയുമാണ് മുനൈഫിന്റെ സഹോദരങ്ങള്‍.