രാമനാട്ടുകര: കഴിഞ്ഞ ദിവസം തീവണ്ടിതട്ടി മരിച്ച പതിനഞ്ചുവയസ്സുകാരിയുടെ വിയോഗം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഒരുപോലെ കണ്ണീരിലാഴ്ത്തുകയാണ്. ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്.
പഠനത്തിലും പഠനേതരരംഗത്തും കഴിവുതെളിയിച്ച മിടുക്കിയായിരുന്നു നഫാത്ത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാവായിരുന്നു. പ്രസംഗവും പ്രശ്നോത്തരിയും റോബോട്ടിക്സുമെല്ലാം അവളുടെ ഇഷ്ടവിഷയങ്ങളായിരുന്നെന്ന് സ്കൂളിലെ അധ്യാപകനായ സി.പി. സൈഫുദ്ദീന് സാക്ഷ്യപ്പെടുത്തുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ പുസ്തകാസ്വാദനരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പന്‍സര്‍ നൂതനരീതിയില്‍ നിര്‍മിച്ചതിനാണ് ഇന്‍സ്പെയര്‍ അവാര്‍ഡ് നേടിയത്.
കടലുണ്ടിപ്പുഴയും ചാലിയാര്‍പ്പുഴയും അതിരിടുന്ന ചെറുമാട്ടുമ്മല്‍ തോട്ടിലെ മാലിന്യപ്രശ്നം ഒരു പ്രമുഖ മാധ്യമത്തിലൂടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് നഫാത്താണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്രസാതല പത്താം ക്ലാസ് പൊതുപരീക്ഷയില്‍ ഡിസ്റ്റിങ്ഷനോടുകൂടിയാണ് വിജയിച്ചത്.