കൂരാച്ചുണ്ട്: കോഴിക്കോട് സ്വദേശിയായ യുവാവിനെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന് ജംഷിദിനെയാണ് (25) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജംഷിദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ കാര്യത്തിലാണ് കുടുംബം ചില സംശയങ്ങള്‍ ആരോപിക്കുന്നത്.
മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ ബുധനാഴ്ചയാണ് ജംഷിദിന്റെ മൃതദേഹം കണ്ടെത്തിയത്. ഒമാനില്‍നിന്ന് അവധിക്കെത്തിയ ജംഷിദ് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന പേരിലാണ് കര്‍ണാടകയില്‍ പോയത്. യാത്രയ്ക്കിടെ കാര്‍ നിര്‍ത്തി ഉറങ്ങിയെന്നും ഉണര്‍ന്നപ്പോള്‍ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി.
എന്നാല്‍, ഇത് അവിശ്വസനീയമാണെന്നു ജംഷിദിന്റെ കുടുംബം പറയുന്നു. രണ്ടുപേരാണ് ബെംഗളൂരുവില്‍നിന്ന് തിരികെ പോരുന്ന കാറില്‍ ജംഷിദിന് ഒപ്പമുണ്ടായിരുന്നത്. ഇതില്‍ ഫെബിന്‍ഷായുമായിട്ടാണ് ജംഷിദിന് സൗഹൃദമുണ്ടായിരുന്നത്. രണ്ടാമന് റിയാസ് ജംഷിദിന്റെ സുഹൃത്തല്ലെന്ന് കുടുംബം പറയുന്നു. മാത്രമല്ല, റിയാസ് ലഹരിക്കേസുകളില്‍ പ്രതിയാണെന്നാണ് ഇവരുടെ പരാതി.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട ചതിക്കുഴിയില്‍ മകനെ പെടുത്തുകയായിരുന്നോ എന്നാണ് കുടുംബം സംശയിക്കുന്നത്. ഒരുപക്ഷേ, സുഹൃത്തുക്കളെന്നു പറയുന്നവര്‍ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം കൊണ്ടുപോയി റെയില്‍വേ ട്രാക്കില്‍ ഇട്ടതാകാമെന്ന് പിതാവ് ആരോപിക്കുന്നു. ജംഷിദിന്റെ ശരീരത്തെല്ലാം മുറിവുകളുണ്ടായിരുന്നെങ്കിലും അത് ട്രെയിന്‍ തട്ടിയുണ്ടായതല്ലെന്നാണ് പിതാവ് പറയുന്നത്.