കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണവാര്‍ത്ത ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം നടുക്കിയിരിക്കുകയാണ്. ഷഹനയുടെ മരണം കൊലപാതകമാണെന്ന് മാതാവ് ഉമൈബ പറയുന്നു. ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകള്‍ ജന്മദിനം ആഘോഷിക്കാന്‍ ക്ഷണിച്ചിരുന്നുവെന്ന് മാതാവ് കൂട്ടിച്ചേര്‍ത്തു.
മകള്‍ സന്തോഷത്തിലായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉമൈബ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഉമൈബ തുറന്നുപറഞ്ഞു.
also read: ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്തുചാടി, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് നടുക്കം
കോഴിക്കോട് പറമ്പില്‍ ബസാറില്‍ ഇന്നു പുലര്‍ച്ചെയാണ് ഷഹനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
വിവാഹ ശേഷം മകളെ നേരിട്ട് കാണാന്‍ പോലും സജ്ജാദ് അനുവദിച്ചിട്ടില്ലെന്ന് ഷഹനയുടെ ഉമ്മയും സഹോദരങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ വിവാഹ ശേഷം കോഴിക്കോട് പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഷഹന ജ്വല്ലറി പരസ്യങ്ങളില്‍ മോഡലായാണ് ശ്രദ്ധ നേടിയത്. ചില തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.