തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് കേരള ജൂനിയര്‍ ക്രിക്കറ്റ് ടീം മുന്‍ താരം മരിച്ചു. നരുവാമൂട് വെള്ളാപ്പള്ളി ദീപത്തില്‍ ബി ദീപന്‍രാജ് ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. ബൈക്കപകടത്തില്‍ ഗുരുതര പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി 11.30ന് വഴുതക്കാട് ശ്രീമൂലം ക്ലബ്ബിനു സമീപമായിരുന്നു അപകടമുണ്ടായത്. സുഹൃത്തിനൊപ്പം ദീപന് വഴുതക്കാട് ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മുന്പില് പോയ ബൈക്ക് സിഗ്നലിടാതെ തിരിഞ്ഞപ്പോള്‍ അതില്‍ ഇടിച്ച് വീഴുകയായിരുന്നു.
also read: ഞായറാഴ്ച വരെ കനത്ത മഴ, ശക്തമായ കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
അപകടത്തില്‍ ദീപന്രാജിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വലംകയ്യന്‍ ബാറ്ററും മീഡിയം പേസറുമായിരുന്നു ദീപന്‍രാജ്. അണ്ടര്‍ 15, 17 വിഭാഗങ്ങളില്‍ കേരളത്തിനായി ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2007-08 സീസണില്‍ കേരള ജൂനിയര്‍ ടീമില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. അണ്ടര്‍ 17 ടീമിലെ മികച്ച ഓള്‍റൗണ്ടറായിരുന്നു.