തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്.
ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെ മൂന്നു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
also read: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്ക് നിര്‍ബന്ധം; പുതുക്കിയ മാര്‍ഗനിര്‍ദേശം
ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.