എറണാകുളം: കേരളത്തില്‍ ദിനംപ്രതി ചൂട് കൂടിവരികയാണ്. എറണാകുളത്ത് യുവാവിന് സൂര്യാഘാതമേറ്റു. വടക്കേക്കര പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ വാഴേപ്പറമ്പില്‍ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. പല്ലംത്തുരുത്തില്‍ വെല്‍ഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്.
ശരീരത്തിന് പുറത്തെ തൊലികള്‍ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സൂര്യാഘാതമേറ്റത്. ഇതേതുടര്‍ന്ന് ഉച്ചയ്ക്ക് തുറസായ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പകല്‍ സമയം താപനില ഉയരാനിടയുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാന്‍ കാരണം. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമര്‍ദപാത്തിയും കിഴക്ക് പടിഞ്ഞാറന്‍ കാറ്റുകളുമാണ് മഴയ്ക്ക് കാരണം. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകും. നാളെ എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും.