മംഗളൂരു: ഭിക്ഷ യാചിച്ച് കിട്ടിയ ഒരു ലക്ഷം രൂപ ക്ഷേത്രത്തില്‍ സംഭാവന നല്കി വയോധിക. അശ്വതാമ്മ എന്ന എണ്‍പതുകാരിയാണ് മംഗളൂരുവിലെ ശ്രീ ക്ഷേത്ര രാജരാജേശ്വരി ക്ഷേത്രത്തിലെ അന്നദാന ചടങ്ങില്‍ ഇത്രയും വലിയ തുക സംഭാവനയായി നല്‍കിയത്.
സമൂഹം തനിക്ക് നല്കിയ പണം തിരിച്ചടയ്ക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ആരും പട്ടിണി കിടക്കരുത് എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നുമാണ് വയോധിക പറയുന്നത്. ഉഡുപ്പി ജില്ലയിലെ ഗംഗോളിയിലെ കഞ്ചിഗോഡ് സ്വദേശിയാണ് അശ്വതാമ്മ.
also read: കോഴിയെ ജീവനോടെ തൊലിയുരിച്ച് വെട്ടിനുറുക്കി കഷണങ്ങളാക്കി, കോഴിക്കടക്കാരന്‍ അറസ്റ്റില്‍
18 വര്‍ഷക്കാലമായി ഉത്സവ സമയങ്ങളില്‍ അശ്വതാമ്മ ഭിക്ഷ യാചിക്കാറുണ്ട്. ഇതിന് മുമ്പും ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ആറ് ലക്ഷം രൂപയോളം സംഭാവന ചെയ്തിട്ടുണ്ട്. അയ്യപ്പ ഭക്തയായ ഇവര്‍ ശബരിമലയിലെ ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് അന്നദാനവും സാലിഗ്രാമത്തിലെ ശ്രീ ഗുരുനരസിംഹ ക്ഷേത്രത്തിന് ഒരു ലക്ഷവും പൊളാളി ശ്രീ അഖിലേശ്വരയിലെ അയ്യപ്പഭക്തര്‍ക്ക് 1.5 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.
ഇത് കൂടാതെ ഉഡുപ്പിയിലെയും ദക്ഷിണ കര്‍ണാടകയിലെയും അനാഥാലയങ്ങള്‍ക്കും സംഭാവന നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെയും മക്കളുടെയും മരണം തളര്‍ത്തിയതിന് ശേഷമാണ് അശ്വതാമ്മ ഭിക്ഷ യാചിക്കാന്‍ തുടങ്ങിയത്.
18 വര്‍ഷം മുമ്പാണ് യാചകയായത്. കിട്ടുന്ന തുകയുടെ ഒരു ഭാഗം മാത്രം തനിക്കായി സൂക്ഷിക്കുകയും, ബാക്കിയുള്ളത് ബാങ്കില്‍ നിക്ഷേപിക്കുകയുമാണ് പതിവ്. ഈ തുകയാണ് ക്ഷേത്രങ്ങളെയും അനാഥരെയും സഹായിക്കാന്‍ വിനിയോഗിക്കുന്നത്.