പാലക്കാട്: നടുറോഡില്‍ വിരണ്ടോടിയ കുതിരകളെ ബൈക്ക് ഇടിച്ചു. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സംഭവം. റൈഡിങ് അക്കാദമിയില്‍ നിന്നും ചാടിപ്പോയ കുതിരകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുതിര ചത്തു. ഒന്നിന്റെ നില ഗുരുതരമാണ്.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. കുതിരയുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരന് പട്ടിക്കാട് തെക്കുംഭാഗം മേലേവീട്ടില്‍ നിതീഷ് കുമാറിനും പരുക്കേറ്റു. ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. കുതിരാന്‍ സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയില്‍ നിന്നും ഏഴ് കുതിരകളാണ് കഴിഞ്ഞ ദിവസം രാത്രി 11ന് ചാടിപ്പോയത്.
also read: സ്ത്രീ ശബ്ദത്തില്‍ സംസാരിച്ച് സൗഹൃദത്തിലാക്കി, കവര്‍ന്നത് ലക്ഷങ്ങള്‍, സഹോദരങ്ങള്‍ അറസ്റ്റില്‍
മൂന്ന് കുതിരകളെയാണ് വാഹനമിടിച്ചത്. ഇറങ്ങിയോടിയ കുതിരകളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പിടിച്ചുകെട്ടിയത്. പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടാനയുടെ ശബ്ദം കേട്ട് പരിഭ്രാന്തരായാണ് കുതിരകള്‍ ലായത്തില്‍ നിന്നും ഓടിയിറങ്ങിയതെന്നാണ് കരുതുന്നത്. കുന്നംപുറം സ്വദേശി ബാബുവിന്റെ ഉടമസ്ഥയിലുളള അക്കാദമിയിലെ കുതിരകളാണ് ചാടിപ്പോയത്.