കോഴിക്കോട്: കോഴിക്കോട് ജീവനൊടുക്കിയ ബിജിഷ എന്ന യുവതി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഓണ്‍ലൈന്‍ റമ്മി കളിക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് ചേലയില്‍ സ്വദേശി മലയില്‍ ബിജിഷയെ 2021 ഡിസംബര്‍ 12-നാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയാണ് ബിജിഷ. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വ്യക്തമായില്ല.
തുടര്‍ന്നാണ് ബിജിഷ 35 പവന് സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
ബിജിഷ കോവിഡ് കാലത്താണ് ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു.
ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവെച്ചു.
ഓണ്‍ലൈന്‍ വായ്പ നല്കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്കിയവര് ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.