കോഴിക്കോട്: പെരുന്നാൾ അടുത്തതോടെ ഷോപ്പിങിന്റെ തിരക്കാണ് നഗരങ്ങളിൽ ഇതിനിടെ മോഷണങ്ങളും അരങ്ങേറുന്നത് നാട്ടുകാർക്ക് തലവേദനയാകുന്നു. കോഴിക്കോട് മിഠായിതെരുവിൽ തിരക്കിനിടെ മോഷണം നടത്തിയ സ്ത്രീയെ പോലീസ് പിടികൂടി. എസ്എം സ്ട്രീറ്റിൽ വെച്ച് ഒന്നര വയസ്സുള്ള കുട്ടിയുടെ അരപവൻ തൂക്കം വരുന്ന പാദസരം മോഷ്ടിച്ച സ്ത്രീയെയാണ് പോലീസ് പിടികൂടിയത്.
മധുര കൽമേട് കോളനി നിവാസിയായ പ്രിയയെയാണ് ടൗൺ പോലീസ് പിടികൂടിയത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരുന്നാളിന് ഷോപ്പിങ്ങിന് എത്തിയ വെങ്ങാലി സ്വദേശിയായ യുവതിയുടെ മകളുടെ പാദസരമാണ് കളവ് പോയത്.
അതേസമയം പോലീസ് അന്വേഷണത്തിൽ പ്രതിക്കെതിരെ തൃശ്ശൂർ ഈസ്റ്റ്, മെഡിക്കൽ കോളേജ്, കുന്ദമംഗലം, പെരിന്തൽമണ്ണ, നാദാപുരം സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് കണ്ടെത്തി.
ടൗൺ എസ്ഐ അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജി, സജേഷ് കുമാർ, സിപിഒ മാരായ ഉല്ലാസ് , ജിതേന്ദ്രൻ, ഷിജിത്ത്. സുജന, സുനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.