മലപ്പുറം: അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ പരസ്യമായി മര്‍ദ്ദിച്ച് യുവാവ്. മലപ്പുറം ജില്ലയിലെ പാണമ്പ്രയിലാണ് സംഭവം. ഇബ്രാഹിം ഷബീര്‍ എന്നയാളാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വവുമായി ബന്ധമുള്ളതിനാല്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി അസ്ന പറഞ്ഞു.
പരാതി പിന്‍വലിപ്പിക്കാന്‍ പല രീതിയിലുള്ള സമ്മര്‍ദ്ദമുണ്ടായി. താന്‍ പറഞ്ഞത് പൂര്‍ണമായും മൊഴിയായി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. ഈ മാസം 16 ന് ആയിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്തിരുന്ന യുവാവ് വാഹനത്തില്‍ നിന്ന് ഇറങ്ങി ഇരുചക്ര വാഹനയാത്രക്കാരായ പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്തത്.
also read: ഐശ്വര്യ ഡാങ്റെ വിവാഹിതയാകുന്നു, വരന് മലയാളി, വിവാഹം മുംബൈയില്‍ വെച്ച്
അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീര്‍ പെണ്‍കുട്ടികളോടിച്ച വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു. ഇതോടെ പെണ്‍കുട്ടികളുടെ വാഹനം മറിയാനായിപോയി. ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്ന് അസ്ന പറഞ്ഞു.
ഇത് ചോദ്യം ചെയ്തതോടെ യുവാവ് സ്കൂട്ടര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. അഞ്ചിലേറെ തവണ മുഖത്തടിച്ചു. പ്രദേശത്തുണ്ടായിരുന്ന മറ്റൊരാള്‍ പകര്‍ത്തിയ വിഡീയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്ന് പിന്നീടാണ് അറിഞ്ഞത്. പൊലീസിന്റെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും പെണ്‍കുട്ടി പറഞ്ഞു.