കൊച്ചി: പെട്ടിക്കടയില്‍ നിന്നും നാരങ്ങവെള്ളം കുടിച്ച് തിരിഞ്ഞ വീട്ടമ്മയക്ക്് റോഡരികിലെ കുഴിയില്‍ വീണ് പരിക്ക്. പൊന്നാരിമംഗലം മുളവുകാട് കുയിലത്തു പ്രകാശന്റെ ഭാര്യ പ്രമീളയ്ക്കാണ് പരിക്ക്. ഏബ്രഹാം മാടമാക്കല്‍ റോഡില്‍ ഓടയിലേക്കു വെള്ളമൊഴുക്കാന്‍ അശാസ്ത്രീയമായി നിര്‍മിച്ച കുഴിയില്‍ വീഴുകയായിരുന്നു.
വീട്ടമ്മയുടെ രണ്ടു കാലും ഒടിഞ്ഞു. കാലിന്റെ ഉപ്പൂറ്റിയോടു ചേര്‍ന്നുള്ള എല്ലിനു ഗുരുതരമായി പൊട്ടലുണ്ടായ പ്രമീള സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. കഴിഞ്ഞ 7ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു പഴയ ഹൈക്കോടതി കെട്ടിടത്തിനു സമീപം നേവി ക്വാര്‍ട്ടേഴ്സിനു മുന്‍പിലുള്ള കുഴിയില്‍ പ്രമീള വീണത്.
also read: ‘ഓര്‍മ്മകള്‍ മാത്രം’,കോടികള്‍ വിലവരുന്ന പ്രേംനസീറിന്റെ ‘ലൈല കോട്ടേജ്’ വില്‍പ്പനയ്ക്ക്
‘ഫുട്പാത്തിലെ പെട്ടിക്കടയില്‍നിന്ന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു തിരിഞ്ഞതാണ്. ചുവടു വച്ചതു നേരെ കുഴിയിലേക്കാണ്. വഴിയാത്രക്കാര്‍ കുഴിയില്‍ നിന്നു ഫുട്പാത്തിലേക്ക് ഇരുത്തിയപ്പോഴേക്കും രണ്ടു കാലും നിലത്തുകുത്താന്‍ പോലും പറ്റാതായിരുന്നു.
ഒരു പരിചയക്കാരന്റെ സഹായത്തോടെ മുളവുകാടു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ രണ്ടു കാലിനും പൊട്ടലുണ്ടെന്നും സൗകര്യമുള്ള ആശുപത്രിയിലേക്കു പോകാനും ആവശ്യപ്പെട്ടു. തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലെത്തി പ്ലാസ്റ്ററിട്ടു. സൂക്ഷിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോക്ടര്‍ മുന്നറിയിപ്പു നല്കിയതിനാല് കിടക്കയില്‍ തന്നെയാണു ഭൂരിഭാഗം സമയവും’- പ്രമീള പറയുന്നു.