ചിറയിന്‍കീഴ്: മലയാളത്തിലെ നിത്യഹരിത നായകന് പ്രേംനസീറിന്റെ വീട് വില്‍പ്പനയ്ക്ക്. ജന്മനാട്ടിലെ മേല്വിലാസമായിരുന്ന ‘ലൈല കോട്ടേജ്’ അമേരിക്കയിലുള്ള അവകാശികളാണ് വില്ക്കാന് തയ്യാറെടുക്കുന്നത്. 1956 ല്‍ ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ നസീര്‍ മകള്‍ ലൈലയുടെ പേരിലാണ് വീട് നിര്‍മ്മിച്ചത്.
ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള പാതയോരത്താണ് ഇരുനില വീട് സ്ഥിതി ചെയ്യുന്നത്. 8 കിടപ്പുമുറികളുമായി തലയെടുപ്പോടെ നില്ക്കുന്ന വീടിനും വസ്തുവിനും കോടികള്‍ വിലവരും. പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള പഴയ ‘കൊട്ടാരം’.
ചിറയിന്‍കീഴിലെ ആദ്യത്തെ ഇരുനിലമന്ദിരം ചലച്ചിത്ര നിര്‍മാതാവ് പി.സുബ്രഹ്മണ്യത്തിന്റെ ചുമതലയിലാണ് നിര്‍മിച്ചത് . ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവര്‍ക്കൊപ്പം നസീര്‍ താമസിച്ചിരുന്നത് ഈ വീട്ടിലാണ്.
ഏറെക്കാലമായി പൂട്ടിയിട്ട വീട് ജീര്‍ണിച്ചു തുടങ്ങി. വാതിലുകളും ജനാലകളും ചിതല് കയറി ദ്രവിച്ചു. വീട്ടുവളപ്പില്‍ വള്ളിപ്പടര്‍പ്പുകളും കുറ്റിക്കാടുകളും വളര്‍ന്ന നിലയിലാണ്. ‘പ്രേം നസീര്‍’ എന്നെഴുതിയ നെയിംബോര്‍ഡ് മാത്രം ഇവിടെ മായാതെ കാണാം.