പേരാവൂര്‍: നാടിനെ ഒന്നടങ്കം അമ്പരപ്പിച്ച് ഒരു നേപ്പാളി കല്യാണം. പേരാവൂരില്‍ നടന്ന ഒരു നേപ്പാളി കല്യാണമാണ് നാട്ടുകാരില്‍ കൗതുകമുണര്‍ത്തിയത്. വരന് വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് വിവാഹം നടക്കുന്ന വിവരം അയല്‍വാസികള്‍ പോലുമറിഞ്ഞത്.
ടൗണില്‍ ഗൂര്‍ഖ ആയി ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശി ദേക് ബഹാദുര്‍ നഗറിയുടെയും ലക്ഷ്മി ദേവിയുടെയും മകള്‍ ജാനകിയും തിരുച്ചിയില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശി ഗിരിയുടെയും മാന്‍സരയുടെയും മകന് എഗിന്ദറും തമ്മിലുള്ള വിവാഹമാണ് നടന്നത്.
വ്യാഴാഴ്ച പാതിരാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍കാലം വരെ ആരോരും അറിയാതെ ആണ് വിവാഹ ആഘോഷം നടന്നത്. രാതി 12 മണിയോടെ വരന്റെ സംഘം എത്തിയപ്പോള്‍ ആണ് വിവാഹത്തെ കുറിച്ച് അയല്‍വാസികള്‍ പോലും അറിഞ്ഞത്.
also read : ന്യുനമര്‍ദ്ദ പാത്തി; കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ചെന്നൈയില്‍ നിന്ന് ബസില്‍ വന്ന് ഇറങ്ങിയ വരനെ സുഹൃത്തുക്കള്‍ തോളില്‍ ഏറ്റിയാണ് വധൂഗൃഹത്തിലേക്ക് ആനയിച്ചത്. തലപ്പാവ് അണിഞ്ഞെത്തിയ വരനെ വധുവിന്റെ പിതാവ് നോട്ട് മാല അണിയിച്ചാണ് സ്വീകരിച്ചത്. വരന്റെ വീട്ടുകാരെ പൂമാലയും അണിയിച്ചു.
മധുരവും സിഗരറ്റും നല്‍കിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം. വരന്റെയും വധുവിന്റെയും കാലുകള്‍ പാല് കൊണ്ട് കഴുകി. മാലകള്‍ പരസ്പരം അണിയിച്ചു. പുടവ കൊണ്ട് പരസ്പരം ബന്ധിച്ച ശേഷം കതിര്‍മണ്ഡപത്തെ 5 തവണ വലം വച്ച് മതാചാര പ്രകാരം ഉള്ള വിവാഹ ചടങ്ങുകള്‍ പൂര്‍ത്തി ആയപ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണി കഴിഞ്ഞിരുന്നു.
ദക്ഷിണ നല്‍കിയാണ് ബന്ധുക്കള്‍ അനുഗ്രഹിച്ചത്. കുങ്കുമം ചാര്‍ത്തിയും പൂക്കള്‍ വിതറിയും അനുഗ്രഹിച്ചു. ആട്ടവും പാട്ടുമായി വിവാഹം കെങ്കേമമാക്കി ബന്ധുക്കളും സുഹൃത്തുക്കളും. ഇത്രയും വ്യത്യസ്തമായൊരു വിവാഹം നാട്ടില്‍ ഇതാദ്യമായാണെന്ന് നാട്ടുകാര്‍ പറയുന്നു.