കൊടകര: കോടാലിയില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ഗ്യാസ് സ്റ്റൗ റിപ്പയറിങ് സ്ഥാപനം തകര്‍ന്നു. കോടാലി കപ്പേള ജങ്ഷനിലെ മജീദ് സ്റ്റോഴ്സിലാണ് തീപിടിത്തം. മറ്റ് ഒരു സ്ഥാപനം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായത്. ഗ്യാസ് സ്റ്റൗ റിപ്പയര്‍ ചെയ്ത ശേഷം കത്തിച്ചുനോക്കുന്നതിനിടെ പാചകവാതകം ചോര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് പറയുന്നു. കടയിലെ ജീവനക്കാരി തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് ജീവനക്കാരി പുറത്തേക്കോടി രക്ഷപ്പെട്ടു. കടയിലുണ്ടായിരുന്ന മറ്റ് സിലിണ്ടറുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായത്. ആറ് സിലിണ്ടറുകളില്‍ നാലെണ്ണമാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. തൃശൂര്‍, ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളില്‍നിന്ന് എത്തിയ മൂന്നു യൂനിറ്റ് അഗ്നിരക്ഷ സേന ഏറെ സാഹസികമായാണ് തീയണച്ചത്.