തൃശ്ശൂര്‍: കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും പതിവായതോടെ പൊറുതിമുട്ടി പോലീസുകാര്‍. ഒടുവില്‍ തലവേദന തീരാന്‍ വാസ്തു വിദഗ്ധന്റെ സഹായം തേടി പോലീസ് സ്റ്റേഷന്റെ തൂണ് മാറ്റി സ്ഥാപിച്ചു. തൃശൂരിലെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് സംഭവം.
പ്രധാന കവാടത്തിനു മുന്നില്‍ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നതിനു താങ്ങായി നില്ക്കുന്ന ഇരുമ്പ് തൂണാണ് വിദഗ്ധന്റെ നിര്‍ദേശ പ്രകാരം മാറ്റി സ്ഥാപിച്ചത്. എന്നാല്‍ ഇതിനുശേഷവും സംഭവബഹുലമായ മറ്റൊരു കൊലപാതകം കൂടി സ്റ്റേഷന് പരിധിയില്‍ നടന്നു.
ഡിസംബര്‍ 5 മുതല്‍ കഴിഞ്ഞ മാസംവരെ സ്റ്റേഷന് പരിധിയില്‍ നടന്നത് നാലു കൊലപാതകങ്ങളാണ്. ജോലിഭാരം കൂടിയതോടെ പൊലീസുകാരെല്ലാം കടുത്ത മാനസിക സമ്മര്‍ദത്തിലായി. ഇതേ തുടര്‍ന്നാണു ചില ഉദ്യോഗസ്ഥര്‍ വാസ്തു വിദഗ്ധനെ സമീപിക്കാന്‍ തീരുമാനിച്ചത്.
15 വര്‍ഷം മുന്‍പ് കൊലപാതകങ്ങളും വലിയ മോഷണങ്ങളും സ്റ്റേഷന് പരിധിയില്‍ പതിവായപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഇതേ വളപ്പില്‍ സ്റ്റേഷന് കെട്ടിടത്തേക്കാള്‍ ഉയരത്തില്‍ നില്ക്കുന്ന ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.