പാലക്കാട്: ഒലവക്കോടിന് സമീപം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ചാണ് നാട്ടുകാർ ചേർന്ന് 27കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
മുണ്ടൂര് കുമ്മാട്ടി കണ്ട് മടങ്ങിയ ഒരു സംഘം ബാറിൽ മദ്യപിക്കാൻ കയറിയിരുന്നു. ഇവിടെ പാർക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഒരു യുവാവിനെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നടന്ന ചോദ്യംചെയ്യലിലും വാക്കേറ്റത്തിനുമൊടുവിലാണ് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് നോർത്ത് പോലീസ് പറഞ്ഞു.
സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ചില നാട്ടുകാരും റഫീഖിനെ മർദ്ദിച്ചുവെന്നാണ് വിവരം. മർദനത്തെ തുടർന്ന് റഫീഖ് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചാണ് പോലീസിനെ ഏൽപ്പിച്ചത്. കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസിന്റെ സംശയം. റഫീഖിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.