കൊച്ചി: ഒന്നിച്ച് പിറന്ന് ഒടുവില്‍ ഒന്നിച്ചു തന്നെ ജീവിതത്തില്‍ നിന്നും മടങ്ങിയ ഇരട്ടസഹോദരന്മാരുടെ വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് വടവുകോട് കമൈണ്ണില് ദീപക് മാത്യു ജോണും ദീപു ജോണും മരിച്ചത്.
ഇരുവരുടെയും മരണവാര്‍ത്ത ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരെയും നടുക്കി. ‘പവര്‍ വിഷന്‍’ എന്നപേരില്‍ വീടിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ സോളാര്‍ ബിസിനസ് നടത്തിവരികയായിരുന്നു ദീപകും ദീപുവും. മറ്റു സംസ്ഥാനങ്ങളിലേക്ക് സോളാര്‍ പാനലുകളും മറ്റും കയറ്റി അയച്ചു സ്ഥാപിച്ചു നല്കുന്ന എന്‍ജിനീയര്‍മാരായിരുന്നു ഇരുവരും.
ഇതിന്റെ ഭാഗമായി നടത്തിയ യാത്ര പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് നാടിനെ നടുക്കിയ അപകടം. പോണ്ടിച്ചേരിയില്‍ ഇവര്‍ നല്‍കിയിട്ടുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് മടങ്ങി വരികയായിരുന്നു ഇന്നലെ. രാത്രി 10.30ന് പാലക്കാട് കഞ്ചിക്കോടുവച്ചാണ് അപകടമുണ്ടായത്.
also read: വിവാഹസമ്മാനമായി പെട്രോളും ഡീസലും നല്കി സുഹൃത്തുക്കള്‍, അമ്പരന്ന് നവദമ്പതികള്‍
സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുവരും ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, ലോറിയുടെ പിന്നിലെ ടയറിനടിയിലേക്കു മറിഞ്ഞു വീണതാണ് ദുരന്തമായത് എന്നു പൊലീസ് പറയുന്നു. അപകടം നടന്നു കഴിഞ്ഞാണ് അറിയുന്നതെന്നാണ് ലോറിയുടെ ഡ്രൈവര്‍ പറയുന്നത്.
സ്കൂട്ടറിനോ ഇവരുടെ വാഹനത്തിലുണ്ടായിരുന്ന സാധനങ്ങള്‍ക്കോ യാതൊന്നും പറ്റിയില്ലെങ്കിലും സഹോദരങ്ങള്‍ക്കു മുകളിലൂടെ പിന്നിലെ ടയറുകള്‍ കയറി ഇറങ്ങി. ഇരുവരെയും തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധം മൃതദേഹങ്ങള്‍ ചതഞ്ഞ് അരഞ്ഞു.
സാധാരണ കാറില്‍ യാത്ര ചെയ്യുന്ന സഹോദരങ്ങള്‍ ഇത്തവണ സ്കൂട്ടറില്‍ ദീര്‍ഘദൂര യാത്രയ്ക്കു തീരുമാനിക്കുകയായിരുന്നു. കാറില്‍ പോകാന്‍ പിതാവ് ഉപദേശിച്ചെങ്കിലും വേണ്ടെന്നു വച്ചതു ദുരന്തത്തില്‍ കലാശിച്ചു. ഇരട്ട സഹോദരങ്ങളായ ഇവരെ എല്ലായ്പോഴും ഒരുമിച്ചു മാത്രമാണ് കണ്ടിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.
ഒരുമിച്ചായിരുന്നു ബിസിനസ് ചെയ്തതും യാത്രകള്‍ ചെയ്തിരുന്നതും. ദീപക് വിവാഹിതനാണ്. ഒരു മകനുണ്ട് – ആരോണ്‍.