തൃശ്ശൂര്‍: വീശിയടിച്ച കാറ്റില്‍ കൊച്ചുമകള്‍ ഉയര്‍ന്നുപൊങ്ങിയത് കണ്ട ഞെട്ടലില്‍ നിന്നും ഇനിയും മുത്തശ്ശി മുക്തയായിട്ടില്ല. കുട്ടിയെ കോരിയെടുത്ത് അകത്തേക്ക് ഓടിയത് പേടിയോടെ ഉഷ ഓര്‍ക്കുന്നു. ചൊവ്വ ഉച്ചയ്ക്ക് 3.25നായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്.
തൃശൂര്‍ പൂവ്വത്തുശേരി അയ്യേടത്ത് ഉഷയുടെ കൊച്ചുമകള്‍ ധ്വനിയാണ് അതിശക്തമായ കാറ്റില്‍ വായുവിലേക്ക് എടുത്ത് ഉയര്‍ത്തപ്പെട്ടത്. എന്നാല്‍ ഉഷയുടെ സമയോചിതമായ ഇടപെടലില്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ‘നോക്കി നില്‍ക്കെ കാറ്റില്‍ മോള് ഉയര്‍ന്നു പൊങ്ങി; 70 സെന്റി മീറ്റര്‍ വരെ ഉയര്‍ന്നു. ഞാന്‍ ഓടിച്ചെന്ന് പിടിച്ചു, എന്നിട്ട് കോരിയെടുത്ത് അകത്തേക്ക് ഓടി’. ഉഷ പറയുന്നു.
വീടിനു പിന്നില്‍ കെട്ടിയിരുന്ന നായ്ക്കുട്ടിയുടെ അടുത്തേക്ക് പോകുകയായിരുന്നു ധ്വനി. ശക്തമായ കാറ്റില്‍ ധ്വനി ഉയര്‍ന്നതു കണ്ട ഉഷ ആദ്യം ഞെട്ടിയെങ്കിലും ഓടിയെത്തി കോരിയെടുത്ത് അകത്തേക്ക് ഓടുകയായിരുന്നു.കാറ്റിന്റെ ശക്തിയില്‍ വാതില്‍ അടയ്ക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടിയതായി ഉഷ പറയുന്നു.
ഇവരുടെ വീട്ടിലെ ജാതി ഉള്‍പ്പെടെയുള്ള മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. മേല്‍ക്കൂരയ്ക്കും നാശനഷ്ടമുണ്ടായി. പ്രദേശത്ത് കാറ്റില്‍ വ്യാപകമായി മരങ്ങള്‍ വീണ് പോസ്റ്റുകള്‍ ഒടിയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. വലിയ നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്.